Site icon Fourteen Kerala – 14 Kerala News

നടുക്കം മാറാതെ കൂട്ടുകാരും അധ്യാപകരും; വന്ദനയുടെ മൃതശരീരം പൊതുദർശനത്തിന് വെച്ചു, സംസ്കാരം നാളെ

കൊല്ലം: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സംഭവിച്ച ദാരുണാന്ത്യത്തിൽ കണ്ണീരോടെ വന്ദനയുടെ സുഹൃത്തുക്കളും അധ്യാപകരും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മൃതശരീരം കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനം തുടരുകയാണ്. വൻജനാവലിയാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നിട്ടുള്ളത്.

അസീസിയ മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ് കൊല്ലപ്പെട്ട വന്ദന ദാസ്. ഹൗസ് സർജൻസിയുടെ ഭാ​ഗമായി ഒരു മാസത്തെ പോസ്റ്റിം​ഗിന്റെ ഭാ​ഗമായിട്ടാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയത്. സുഹൃത്തുക്കളും വിദ്യാർത്ഥികളുമടക്കം നിരവധി പേർ വന്ദനക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി എത്തിച്ചേർന്നിരുന്നു. അസീസിയ കോളേജിലെ പൊതുദർശനത്തിന് ശേഷം വന്ദനയുടെ മൃതദേഹം ജന്മനാടായ കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും.മുട്ടുചിറയിലെ വീട്ടിലേക്കാണ് മൃതദേഹം എത്തിക്കുക. നാളെ രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടത്തുക.

ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചിലേറെ തവണയാണ് കുത്തേറ്റത്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു.പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.

Exit mobile version