Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ കോളേജിൽ പുതിയഇൻസിനറേറ്റർ സ്ഥാപിക്കും

കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിൽ 100 കിലോഗ്രാം ശേഷിയുള്ള ഒരു ഇൻസിനറേറ്റർ കൂടി സ്ഥാപിക്കുന്നു. ഒരുമാസമായി കേടായിക്കിടക്കുന്ന മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെയും ഇൻസിനറേറ്റർ ഇവിടെനിന്ന്‌ മാറ്റിസ്ഥാപിക്കാനും തിങ്കളാഴ്ച ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽചേർന്ന യോഗത്തിൽ തീരുമാനിച്ചു. പുതിയ ഇൻസിനറേറ്റർ അടിയന്തരമായി സ്ഥാപിക്കും. ഐ.എം.എ.യുടെ പാലക്കാട്ടെ ‘ഇമേജി’ലെ വിദഗ്ധർ ആശുപത്രിയിലെത്തി ഇൻസിനറേറ്റർ മാറ്റുന്നത് സംബന്ധിച്ച പരിശോധന നടത്തി. മെഡിക്കൽ കോളേജ് വളപ്പിലെ തന്നെ പഞ്ചാരക്കുന്ന് എന്നറിയപ്പെടുന്ന ഭാഗത്തേക്ക് ഇൻസിനറേറ്റർ മാറ്റി സ്ഥാപിക്കും.

മഴയ്ക്കുമുമ്പ് പണി പൂർത്തിയാക്കാനാണ് തീരുമാനം. മാറ്റിസ്ഥാപിക്കുന്ന ഇൻസിനറേറ്റർ മണിക്കൂറിൽ 200 കിലോഗ്രാം മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതായിരിക്കും. ഗ്രൗണ്ടിന് സമീപമുള്ള അറ്റകുറ്റപ്പണി പൂർത്തിയാക്കി തിങ്കളാഴ്ച പ്രവർത്തനമാരംഭിച്ച ഇൻസിനറേറ്റർ മണിക്കൂറിൽ 150 കിലോഗ്രാം സംസ്കരിക്കാൻ ശേഷിയുള്ളതാണ്. ഇതോടെ മണിക്കൂറിൽ 450 കിലോഗ്രാം മാലിന്യംവരെ സംസ്കരിക്കാനുള്ള ശേഷി കൈവരുമെന്ന് അധികൃതർ അറിയിച്ചു. ഓരോദിവസത്തെ മാലിന്യവും അന്നുതന്നെ സംസ്കരിക്കാനുള്ള പദ്ധതിയാണിത്.

ഒരുമാസം മുമ്പ് പുകക്കുഴൽ ഒടിഞ്ഞുവീണായിരുന്നു മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഇൻസിനറേറ്റർ തകരാറിലായത്. പ്രവർത്തനം നിലച്ചതോടെ ഇവിടെ നിന്നുള്ള മാലിന്യവും ഗ്രൗണ്ടിന് സമീപമുള്ള ഇൻസിനറേറ്ററിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്. ഇതും തകരാറിലായത് മാലിന്യസംസ്കരണം പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിൽ കെട്ടിക്കിടക്കുന്ന മാലിന്യം കത്തിച്ചുതീർക്കാൻ ഇൻസിനറേറ്ററിന്റെ പ്രവർത്തനസമയം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Exit mobile version