Site icon Fourteen Kerala – 14 Kerala News

കോതിയിലെ അനധികൃത ഷെഡ്ഡുകളും കടകളും പൊളിച്ചുനീക്കി

കോഴിക്കോട് : കോർപ്പറേഷൻ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ കോതിയിലെ അനധികൃത കടകളും ഷെഡ്ഡുകളും കോർപ്പറേഷൻ പൊളിച്ചുനീക്കി. തീരുമാനമെടുത്ത് രണ്ടുമാസമാകാറാകുമ്പോഴാണ് കോർപ്പറേഷൻ കൈയേറ്റം ഒഴിപ്പിച്ചത്.

മാർച്ച് രണ്ടിന് ചേർന്ന കൗൺസിൽയോഗത്തിലാണ് കോതിമുതൽ സൗത്ത് ബീച്ചുവരെയുള്ള ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനിച്ചത്. തുടർന്ന് കടകളും ഷെഡ്ഡും ഒഴിയാൻ നോട്ടീസും നൽകി. മാർച്ച് അവസാനം പൊളിക്കുമെന്ന് അറിയിച്ചെങ്കിലും ഉത്സവകാലമായതിനാൽ അത് നീണ്ടു. തുടർന്നാണ് വെള്ളിയാഴ്ച കോർപ്പറേഷൻ സ്‌ക്വാഡെത്തി പൊളിച്ചത്. ഷെഡ്കെട്ടിയവർ ചെറിയതോതിൽ പ്രതിഷേധിച്ചു.

ഹെൽത്ത്, റവന്യൂ, ടൗൺ പ്ലാനിങ് ചേർന്നുള്ള സ്ക്വാഡാണ് പൊളിച്ചത്. തട്ടുകടകൾ, ഉപ്പിലിട്ടത് വിൽക്കുന്നവ, മറ്റു ചെറിയ ഷെഡ്ഡുകൾ എന്നിവയെല്ലാം പൊളിച്ചുനീക്കി. കോതി സൈക്കിൾട്രാക്കിന് എതിർവശത്ത് സിമന്റുകട്ട കൊണ്ട് നിർമിച്ച ചെറിയകെട്ടിടവും പൊളിച്ചു.

ബീച്ചിന് സമീപത്ത് പണി നടക്കുമ്പോൾ സാധനങ്ങൾ സൂക്ഷിക്കാൻ കെട്ടിയതായിരുന്നു അതെന്ന് പ്രദേശവാസികൾ പറഞ്ഞു.
പി.ഡബ്ല്യു.ഡി. എന്ന് എഴുതിവെച്ച ഇതിനുള്ളിലും കച്ചവടസാധനങ്ങൾ സൂക്ഷിച്ചിരുന്നു.

അതേസമയം, പൊളിക്കാനെത്തിയപ്പോൾ സാധനങ്ങൾ മാറ്റാമെന്ന് അറിയിച്ചവർക്ക് അതിനുള്ള സമയം അധികൃതർ അനുവദിച്ചു. പൊളിച്ചസാധനങ്ങൾ കോർപ്പറേഷൻ വാഹനത്തിൽ കൊണ്ടുപോവുകയും ചെയ്തു.

Exit mobile version