Site icon Fourteen Kerala – 14 Kerala News

മാമുക്കോയയുടെ സംസ്കാര ചടങ്ങിൽ മുൻനിര താരങ്ങൾ പങ്കെടുക്കാത്ത സംഭവം; പരാതി ഇല്ലെന്ന് കുടുംബം

കോഴിക്കോട്: മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളില്‍ മുന്‍ നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്ന് കുടുംബം. സംഭവത്തില്‍ വിവിധ ഇടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു എന്ന് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ പറഞ്ഞു.

ഷൂട്ടും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകള്‍ക്ക് പോവുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു. വിദേശത്തായിരുന്നതിനാല്‍ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിതാവിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പറഞ്ഞു.

മാമുക്കോയക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരടക്കം പലരും വരാത്തതില്‍ അനുസ്മരണ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനമാണ് അനുസ്മരണ യോഗത്തില്‍ സംസാരിച്ച സംവിധായകന്‍ വി എം വിനു ഉന്നയിച്ചത്.

Exit mobile version