Site icon Fourteen Kerala – 14 Kerala News

വൈകുണ്ഠത്ത് നിർമിച്ച ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു

ബാലുശ്ശേരി : വൈകുണ്ഠത്ത് നിർമിച്ച ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു. നിർമാണത്തിൽ അപാകമുണ്ടെന്ന പരാതിയെത്തുടർന്നാണ് അന്വേഷണം. വിജിലൻസ് സംഘം സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിലെത്തി. എന്നാൽ, പഞ്ചായത്തിലെ ഉന്നത ഉദ്യോഗസ്ഥരാരും സ്ഥലത്തുണ്ടായിരുന്നില്ല.

സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് ഓഫീസിലെത്തിക്കാൻ അസിസ്റ്റന്റ് എൻജിനിയറെ അറിയിക്കാനുള്ള നിർദേശം നൽകിയാണ് സംഘം മടങ്ങിയത്. വിജിലൻസ് ഉദ്യോഗസ്ഥർ ഇൻഡോർ സ്റ്റേഡിയവും സന്ദർശിച്ചു. സ്റ്റേഡിയം നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. സ്റ്റേഡിയത്തിന്റെ അശാസ്ത്രീയമായ നിർമാണമാണ് ഇതിനുകാരണമെന്നാണ് ആക്ഷേപം.

എ.സി. ഷൺമുഖദാസ് ബാലുശ്ശേരി എം.എൽ.എ. ആയിരുന്ന കാലത്താണ് വൈകുണ്ഠം വയലിൽ സ്റ്റേഡിയത്തിനായുള്ള സ്ഥലംകണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആസ്തിവികസനഫണ്ടിൽനിന്ന്‌ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് പവിലിയനും ഗാലറിയും ഏതാനും മുറികളും നിർമിച്ചു. മുറികളിൽ ഇന്ന് പ്ലാസ്റ്റിക് ഷെഡ്ഡിങ് യൂണിറ്റാണ് പ്രവർത്തിക്കുന്നത്. ഏതാനുംമുറികളുടെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചിട്ടുമുണ്ട്. ജില്ലാ, സംസ്ഥാന വോളിമേളകൾ ഈ സ്റ്റേഡിയത്തിൽ നടന്നിരുന്നു.

പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന്‌ 1.30 കോടി രൂപ അനുവദിച്ചാണ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഈ സ്റ്റേഡിയം പിന്നീട് പഞ്ചായത്തിന് കൈമാറി. ടി.എൻ. സീമ എം.പി.യുടെ ഫണ്ടിൽനിന്ന്‌ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കവാടവും ചുറ്റുമതിലും നിർമിച്ചിരുന്നു.

സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും ചുറ്റുമതിലും നിർമിക്കുന്നതിനായി കോടികൾ ഉപയോഗപ്പെടുത്തിയെങ്കിലും കായികപ്രേമികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയാത്ത സ്ഥിതിയിലാണ് ഇന്നുമുള്ളത്. ഈ സാഹചര്യത്തിലാണ് സ്റ്റേഡിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണവും വന്നിരിക്കുന്നത്.

Exit mobile version