Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവൃത്തി തറക്കല്ലിടല്‍ ചൊവ്വാഴ്ച്ച

കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിറ്റ്കോ തയ്യാറാക്കിയ 473 കോടി രൂപയുടെ നവീകരണ പദ്ധതി ചൊവ്വാഴ്ച്ച തുടങ്ങും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലെനില്‍ തറക്കല്ലിടല്‍ നിര്‍വ്വഹിക്കും. പ്രവൃത്തി 3 വര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. നിലവിലെ 5 ട്രാക്കുകള്‍ക്ക് പുറമെ 4 ട്രാക്കുകള്‍കൂടിയാണ് യാഥാര്‍ഥ്യമാക്കുന്നത്.

5 മീറ്റര്‍ വീതിയിലുള്ള രണ്ട് നടപ്പാലങ്ങള്‍ക്കു പകരം 12 മീറ്റര്‍ വീതിയിലുള്ള ഇരിപ്പിടങ്ങളോടുകൂടിയ രണ്ട് നടപ്പാലങ്ങള്‍ സ്റ്റേഷന്റെ തെക്ക് ഭാഗത്തും വടക്കു ഭാഗത്തുമായി സ്ഥാപിക്കും. കിഴക്കേ ടെര്‍മിനലിനെയും പടിഞ്ഞാറെ ടെര്‍മിനലിനെയും ബന്ധിപ്പിച്ച് മധ്യത്തില്‍ 48 മീറ്റര്‍ വീതിയിലുള്ള കോണ്‍കോഴ്സില്‍ ബിസിനസ് ലോഞ്ച് അടക്കമാണ് സജ്ജീകരിക്കുക. ഇരുഭാഗങ്ങളിലുമായി മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഒരുക്കും. അവിടേക്ക് നടപ്പാലങ്ങളില്‍ നിന്നും കോണ്‍കോഴ്സില്‍ നിന്നും സ്‌കൈവാക്ക് സൗകര്യവും പ്രാവര്‍ത്തികമാക്കും.നിലവിലെ മുഴുവന്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സുകളും പൊളിച്ചുനീക്കി 4 ടവറുകളിലായി ബഹുനില ക്വാര്‍ട്ടേഴ്സാണ് പണിയുക.

വാണിജ്യ കേന്ദ്രങ്ങള്‍, പാഴ്സല്‍ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാര്‍ക്കിങ് തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് റോഡില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് നേരിട്ട് പ്രവേശനവും സാധ്യമാവുമെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു.റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവന്‍, എളമരം കരീം, പി ടി ഉഷ തുടങ്ങിയവരും പങ്കെടുക്കും.

Exit mobile version