Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ മലപുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി : കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ മലപുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയാത്രികരായ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ഈങ്ങാപ്പുഴ പുളിക്കപ്പറമ്പിൽ ബീരാവുമ്മ (67), പേരമകൻ അജ്‌നാൻ (12), ഓട്ടോഡ്രൈവർ ഈങ്ങാപ്പുഴ സ്വദേശി ഹമീദ് (50) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ബീരാവുമ്മയുടെ നില ഗുരുതരമാണ്.

മൂവരെയും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ തലകീഴായിമറിഞ്ഞ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള യാത്രികരും നിസ്സാരപരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

പുതുപ്പാടി മലപുറം യു.പി. സ്കൂളിനു സമീപം ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഈങ്ങാപ്പുഴ എം.ജി.എം. ഹൈസ്കൂളിന് സമീപത്തെ വീട്ടിൽനിന്നും 22-ാം മൈലിലെ ബന്ധുവീട്ടിലേക്ക് പേരമകനൊപ്പം ഓട്ടോയിൽ പോവുകയായിരുന്നു ബീരാവുമ്മ.

വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ടു വലതുഭാഗത്തേക്ക് നീങ്ങി ഓട്ടോയിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം തകരുകയും കാർ റോഡരികിലെ ഓവുചാലിലേക്ക് തലകീഴായി മറിയുകയുമായിരുന്നു.

Exit mobile version