Site icon Fourteen Kerala – 14 Kerala News

കൈക്കൂലി വാങ്ങുന്നതിനിടെ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായി

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായി. മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് ബിജുവിനെയാണ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടിയിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയിലായത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടിരുന്നത് ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാനാണ്. ആദ്യം 5000 രൂപയാണ് കൈക്കൂലിയായി ചോദിച്ചിരുന്നത്. പിന്നീട് ഇത് 3500 രൂപയാക്കി.

ഇതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നോട്ടുകളുമായി പരാതിക്കാരന്‍ ചൊവ്വാഴ്ച രജിസ്ട്രാര്‍ ഓഫീസിലെത്തുകയും ഇയാളില്‍ നിന്ന് പണം വാങ്ങുന്നതിനിടയില്‍ ബിജുവിനെ പിടികൂടുകയുമായിരുന്നു. 7 മാസം മുമ്പാണ് ഹെഡ് ക്ലാര്‍ക്കായ ബിജു മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് സ്ഥലം മാറിയെത്തിയത്.

Exit mobile version