Site icon Fourteen Kerala – 14 Kerala News

പഞ്ചായത്തുസ്ഥലത്ത് അനധികൃതമായി നിർമിച്ച കെട്ടിടം പ്രസിഡന്റ് പൊളിച്ചുമാറ്റി

നാദാപുരം : ഗ്രാമപ്പഞ്ചായത്ത് സ്ഥലത്ത് അനധികൃതമായി കെട്ടിടം നിർമിച്ചെന്നാരോപിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെട്ടിടം പൊളിച്ചുമാറ്റി.
ഇയ്യങ്കോട് ദേശപോഷിണി വായനശാല സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് അവധിദിനത്തിൽ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചത്. തുടർച്ചയായ അവധിദിനങ്ങൾക്കിടയിലാണ് രണ്ടുതൊഴിലാളികളെവെച്ച് കെട്ടിടംപണി ആരംഭിച്ചത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി സ്ഥലത്തെത്തിയപ്പോഴാണ് കെട്ടിടനിർമാണം സജീവമായി നടക്കുന്നതായി കണ്ടത്. തൊഴിലാളികളോട് നിർമാണപ്രവൃത്തി നടത്താൻ ആരാണ് നിർദേശം നൽകിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് നിർമാണംതുടങ്ങിയ കെട്ടിടം പൊളിക്കുകയായിരുന്നു.

നേരത്തേ പൊളിച്ചുനീക്കിയ വായനശാലയുടെ നിർമാണപ്രവൃത്തി വൈകിയതിനെത്തുടർന്ന് നാട്ടുകാരിൽ ചിലരുടെ നേതൃത്വത്തിലാണ് നിർമാണപ്രവൃത്തി ആരംഭിക്കാനുള്ള നിർദേശം നൽകിയതെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്. ഗ്രാമപ്പഞ്ചായത്ത് നേരത്തേ നൽകിയ ഉറപ്പ് പാലിക്കാത്തതിനാലാണ് നിർമാണമെന്ന് ഒരുവിഭാഗം നാട്ടുകാർ പറയുന്നു. നേരത്തേ ഇവിടെയുള്ള വായനശാല പൊളിച്ചുനീക്കി ബഡ്‌സ് സ്കൂൾ സ്ഥാപിക്കാനുള്ള ശ്രമം ഗ്രാമപ്പഞ്ചായത്ത് ആരംഭിച്ചിരുന്നു. എന്നാൽ, വായനശാല മാറ്റി ബഡ്‌സ് സ്‌കൂൾ സ്ഥാപിക്കാനുളള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ചിരുന്നു. ബഡ്‌സ് സ്‌കൂളിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുളള ശ്രമം ഗ്രാമപ്പഞ്ചായത്ത് ആരംഭിച്ചു.

ഗ്രാമപ്പഞ്ചായത്തും ഒരുവിഭാഗം നാട്ടുകാരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ബഡ്‌സ് സ്കൂളിനായി ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് നഷ്ടമായി. വായനശാലയുടെ ഭാഗമായുള്ള നാലുസെന്റ് സ്ഥലത്ത് ഏതുതരത്തിലുള്ള നിർമാണപ്രവൃത്തി നടത്തണമെന്ന ആലോചനയ്ക്കിടെയിലാണ് വിമാനത്താവള റോഡിന് സ്ഥലം വിട്ടുനൽകണമെന്ന നിർദേശം വന്നത്. ഇതോടെയാണ് ഇവിടെയുള്ള നിർമാണപ്രവൃത്തികൾ അനിശ്ചിതത്വത്തിലായത്.

ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് ഉടമസ്ഥരില്ലാത്ത രീതിയിൽ പീടികമുറി നിർമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആ നിർമാണപ്രവൃത്തി തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു.

ആ സ്ഥലത്ത് ഏതു തലത്തിലുള്ള നിർമാണപ്രവൃത്തിയാണ് നടത്തേണ്ടതെന്ന് നാട്ടുകാരുമായി ആലോചിക്കുമെന്നും നാട്ടുകാരുടെ ഹിതമനുസരിച്ചുളള നിർമാണപ്രവൃത്തി നടത്തുമെന്നും അദേഹം അറിയിച്ചു.

Exit mobile version