Site icon Fourteen Kerala – 14 Kerala News

ഫറോക്കില്‍ പുതിയ പാലത്തിന് 55 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക്: പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 55 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സേതുബന്ധന്‍ പദ്ധയില്‍ ഉള്‍പ്പെടുത്തി സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മുഖേന സംസ്ഥാനത്ത് ഏഴ് പാലങ്ങള്‍ക്കായിട്ടാണ് 167 കോടി രൂപ അനുവദിച്ചത്.

ചാലിയാറിന് കുറുകെ പഴയ പാലത്തിന് സമാന്തരമായി നിലവിലെ പാലത്തിന്റെ കിഴക്കു ഭാഗത്തായിട്ടാണ് ആധുനിക രീതിയില്‍ എക്‌സ്ട്രാ ഡോസ് കേബിള്‍ രീതിയിലുള്ള പാലം നിര്‍മ്മിക്കുക. പുഴയിലെ നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സമില്ലാതെ 3 സ്പാനോടുകൂടി 280 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുക. ഇതിന്റെ ഭാഗമായി 15 മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 150 മീറ്റര്‍ അപ്പ്രോച്ച് റോഡും പാലത്തില്‍ ഇരു ഭാഗത്തുമായി കേബിള്‍ ഡെറ്റോടു കൂടിയ നടപ്പാതയും നിര്‍മ്മിക്കും.

നിര്‍മ്മാണ ചുമതല പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ്. നിര്‍മ്മാണ കാലാവധി 18 മാസമാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് നിലവിലുള്ള പാലം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പാലം ഈയിടെ നവീകരിച്ചിരുന്നു. ടൂറിസത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് പഴയ പാലം നിലനിര്‍ത്തുന്നത്. സമാന്തര പാലം വരുന്നതോടെ നിലവിലുള്ള പാലത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Exit mobile version