Site icon Fourteen Kerala – 14 Kerala News

സൂപ്പർ കപ്പിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോൾ ടീമുകൾ മത്സരിക്കുന്ന സൂപ്പർ കപ്പ് ഫുട്ബോളിനായി മൈതാനങ്ങൾ ഒരുങ്ങുന്നു. കോഴിക്കോടും മഞ്ചേരിയിലുമായി ഏപ്രിൽ 3 മുതൽ 25 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. 8ന് ആരംഭിക്കുന്ന കോഴിക്കോട്ടെ കാലികൾക്കായി മൈതാനം ഒരുക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പുൽത്തകിടി ഒരുക്കുന്ന പണികൾ 10 ദിവസമായി നടന്നുവരുകയാണ്. ടീമുകളുടെ പരിശീലനത്തിനുള്ള മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം, ദേവഗിരി കോളേജ് മൈതാനം, കാലിക്കറ്റ് സർവകലാശാലാ മൈതാനം എന്നിവിടങ്ങളിലേയും പുൽത്തകിടിയുടെ പ്രവർത്തികളും ഇതോടൊപ്പം നടക്കുന്നു.

സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് അറ്റകുറ്റപ്പണികളും നടന്നുവരികയാണ്. ഫ്ലഡ് ലൈറ്റിന്റെ ബൾബുകൾ മാറ്റേണ്ടതുണ്ട്. ഇതിനായി വിദേശനിർമിത ബൾബുകൾ എത്തിക്കും. ‌ഫ്ലഡ് ലൈറ്റിന് വെളിച്ചം കുറവായതിനാൽ ഐ ലീഗ് മത്സരങ്ങൾ പകലാണ് നടത്തിയിരുന്നത്. രാത്രി നടക്കുന്ന കളികളുടെ ലൈവ് ടെലികാസ്റ്റിന് ശക്തിയേറിയവെളിച്ചം ആവശ്യമാണ്. വർഷങ്ങൾക്കു ശേഷമാണ് കോഴിക്കോട് ഒരു പ്രമുഖ ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്. സ്റ്റേഡിയത്തിലെ സൗകര്യക്കുറവായിരുന്നു മത്സരങ്ങൾ നടത്താൻ പ്രധാനമായും തടസ്സമായിരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളെല്ലാം പങ്കെടുക്കുമെന്നത് ഫുട്ബോൾ ആരാധകരിൽ ആവേശം വളർത്തുന്നു. സൂപ്പർ ലീഗിൽ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ബെംഗളുരു എഫ്.സി.ക്കെതിരായ കളിയിൽ ബ്ലാസ്റ്റേഴ്സ് കളംവിട്ടത് ഇന്ത്യൻ ഫുട്ബോളിൽ കോളിളക്കമുണ്ടാക്കിയതിന് പിന്നാലെയാണ് സൂപ്പർ കപ്പ് അരങ്ങേറുന്നത്.

Exit mobile version