Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോഴിക്കോട് : ആനിഹാള്‍ റോ‍ഡില്‍ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ നിലയിലായിരുന്നു പൊക്കുന്ന് സ്വദേശിയായ ജിഷാന്തിന്‍റെ മൃതദേഹം. ദേഹത്ത് മറ്റു പാടുകളോ പിടിവലിയുടെ ലക്ഷണങ്ങളോയില്ല.

എന്നാൽ മൃതദേഹത്തില്‍ കയറുചുറ്റിയത് ദുരൂഹത വർധിപ്പിക്കുന്നു. യുവാവ് കിണറ്റിലേക്ക് ചാടിയതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആനിഹാള്‍ റോഡ് പരിസരത്ത് ജിഷാന്ത് എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ ഭാഗത്ത് മറ്റൊരാളുമായി ജിഷാന്ത് സംസാരിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജിഷാന്ത് മരണത്തിന് തൊട്ടുമുമ്പ് മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ജിഷാന്തിനൊപ്പം നഗരത്തിലെത്തിയ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. ടൗണിലെത്തിയ ശേഷം ജിഷാന്ത് മറ്റൊരിടത്തേക്ക് പോവുകയായിരുന്നുവെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണ് സുഹൃത്തിന്‍റെ മൊഴി.

Exit mobile version