Site icon Fourteen Kerala – 14 Kerala News

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസിലേക്കുള്ള മാർച്ചിൽ സംഘർഷം

ഫറോക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ചെറുവണ്ണൂരിലെ എം.എൽ.എ. ഓഫീസിലേക്ക് യു.ഡി.എഫ്. ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മന്ത്രി അധികാരദുർവിനിയോഗം നടത്തുന്നെന്നാരോപിച്ചായിരുന്നു മാർച്ച്.

പോലീസിന്റെ ജലപീരങ്കിപ്രയോഗത്തിൽ അഞ്ച് യു.ഡി.എഫ്. പ്രവർത്തകർക്ക് പരിക്കേറ്റു. യു.ഡി.എഫ്. പ്രവർത്തകനും യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ അൻവർ ഷാഫി, രാമനാട്ടുകര മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഹാരീസ്, യൂത്ത് കോൺഗ്രസ് പാർലമെൻറ്‌് മണ്ഡലം മുൻ വൈസ് പ്രസിഡൻറ്‌ ഷഫ്നാസ് അലി, യൂത്ത് ലീഗ് ഫറോക്ക് മുനിസിപ്പൽ സെക്രട്ടറി കെ.പി. യാസിർ, മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷറർ ഇബ്രാഹിം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

യു.ഡി.എഫ്. കൗൺസിലർമാർ ഉൾപ്പെടെ അണിനിരന്ന മാർച്ച് എം.എൽ.എ. ഓഫീസിന് ഇരുനൂറുമീറ്റർ അകലെ പോലീസ് തടഞ്ഞു. കോൺഗ്രസ് ജില്ലാപ്രസിഡൻറ്് കെ. പ്രവീൺകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. തല്ലിയവന്റെപേരിൽ കേസെടുക്കാതെ തല്ലുകൊണ്ടവന്റെപേരിൽ കേസെടുക്കുന്ന നയമാണ് പിണറായിയുടെ പോലീസ് പിന്തുടരുന്നതെന്നും ഈ നയം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡൻറ്‌് കെ. ആലിക്കുട്ടി അധ്യക്ഷനായി.

മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ഫറോക്ക് നഗരസഭാ ചെയർമാൻ എൻ.സി. അബ്ദുൾറസാഖ്, രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ ബുഷറാ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ഫറോക്ക് അസിസ്റ്റൻറ്‌് കമ്മിഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.

Exit mobile version