Site icon Fourteen Kerala – 14 Kerala News

ആവിക്കല്‍ തോട് നവീകരിക്കാന്‍ 5.27 കോടി രൂപയുടെ പദ്ധതി ഒരുങ്ങി

കോഴിക്കോട്: ആവിക്കല്‍ തോട് നവീകരിക്കുന്നതിന് 5.27കോടി രൂപയുടെ പദ്ധതി ഒരുങ്ങി. കക്കൂസ് മാലിന്യമടക്കം നിറഞ്ഞ തോട് ഒന്നര കിലോമീറ്ററോളം നീളത്തില്‍ വീതികൂട്ടി ചെളിനീക്കി ഓവുചാല്‍ നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജയദീപും സ്ഥലം പരിശോധിച്ച് വിശദമായ പഠനം നടത്തിയാണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്.

ബീച്ച് റോഡില്‍ നിന്നാരംഭിച്ച് ചാലിവയല്‍ ഭാഗത്തുനിന്ന് മൂന്ന് ഭാഗത്തേക്ക് കൈവഴികളായി പിരിയുന്ന തരത്തില്‍ ഏകദേശം 1.43 കിലോമീറ്റര്‍ നീളത്തിലാണ് തോട് നവീകരിക്കുന്നത്. തോടിന് വീതികൂട്ടി പാര്‍ശ്വഭിത്തികെട്ടുയും കൈവഴികള്‍ ഡ്രൈയ്നേജുകളായി മാറ്റി സ്ലാബിടുകയും ആവശ്യമായിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ചെരിവുകളും നിര്‍മിക്കുകയും ചെയ്യും. തുടര്‍പഠനത്തിനടക്കമായിരിക്കും എസ്റ്റിമേറ്റ് തുക. ആവിക്കല്‍ തോടിന്റെ കടലിനോട് ചേരുന്ന ഭാഗം മണലും മാലിന്യവും നിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്.

വെസ്റ്റ്ഹില്‍ മുതല്‍ ജോസഫ് റോഡ് വരെയുള്ള പ്രദേശത്തുനിന്ന് ഒഴുകിവരുന്ന വെള്ളവും മാലിന്യം അടിഞ്ഞുകൂടിയാണ് തോട് മലിനമായത്. ചിലയിടങ്ങളില്‍ കക്കൂസ് മാലിന്യവും തോട്ടിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. തോടിന്റെ പലഭാഗവും കൈയേറിയിട്ടുണ്ട്. അവ ഒഴിപ്പിച്ചാല്‍ മാത്രമേ വീതികൂട്ടാനാവുതയുള്ളൂ. പദ്ധതിയോടൊപ്പം കോഴിക്കോട് കോര്‍പറേഷന്റെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കൂടി യാഥാര്‍ഥ്യമായാല്‍ ആവിക്കല്‍ തോടിന്റെ മാത്രമല്ല നഗരത്തിന്റെ മാലിന്യപ്രശ്നത്തിനും ഒരു പരിധിവരെ പരിഹാരമാവും.

Exit mobile version