Site icon Fourteen Kerala – 14 Kerala News

അഴിമതി ആരോപണം; എല്‍ഡിഎഫ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

കട്ടിപ്പാറ: അഴിമതി ആരോപിച്ച് എല്‍ഡിഎഫ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍ മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് ഏകപക്ഷീയവും അഴിമതിക്ക് കളമൊരുക്കുന്നതിന് വേണ്ടിയും ആണെന്ന് ആരോപിച്ച് എല്‍ഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഓഫീസ് ഉപരോധിച്ചത്.

അംഗനവാടി വകുപ്പ് ഉള്‍പ്പെടുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനെ പോലും ബോര്‍ഡില്‍ ഉള്‍പ്പെടുത്താതിരുന്നത് പണം വാങ്ങി നേരത്തെ തീരുമാനിച്ച പ്രകാരം തങ്ങളുടെ സ്വന്തക്കാരെ ഉള്‍പ്പെടുത്താനാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് അംഗന്‍വാടി നിയമന ഇന്റര്‍വ്യൂ ബോര്‍ഡില്‍ പ്രതിപക്ഷ മെമ്പര്‍മാരെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമാണെന്നും നേതാക്കള്‍ പറഞ്ഞു.

യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒരു പ്രവര്‍ത്തനങ്ങളിലും മുന്നോട്ട് സഹകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി സി വാസു ഉദ്ഘാടനം ചെയ്തു. പിസി തോമസ് അധ്യക്ഷംവഹിച്ചു. സി പി നിസാര്‍, കെ വി സെബാസ്റ്റ്യന്‍, ബേബി രവീന്ദ്രന്‍, കരീം പുതുപ്പാടി, എന്‍ ഡി ലുക്ക, ലത്തീഫ് കോറി എന്നിവര്‍ സംസാരിച്ചു. സിബി ഫ്രാന്‍സിസ്, ടി കെ ചന്തു കുട്ടി, സിറാജ് ചുണ്ടന്‍കുഴി, സുബീഷ് പ്ലാപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version