Site icon Fourteen Kerala – 14 Kerala News

വിദേശത്ത് നിന്നും വന്ന മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍

താമരശ്ശേരി: വിദേശത്ത് നിന്നും കടത്തിയ സ്വര്‍ണ്ണം ഉടമക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മേപ്പയൂര്‍ കാരയാട്ട് പാറപ്പുറത്തു ഷഫീഖിനെ കൊണ്ടോട്ടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി താമരശ്ശേരിയിലെ ലോഡ്ജില്‍ തടങ്കലില്‍ വെച്ച് മര്‍ദിച്ചുവെന്ന കേസില്‍ പുള്ളാവൂര്‍ മാക്കില്‍ മുഹമ്മദ് ഉവൈസ് (22), പുള്ളാവൂര്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (22), പരപ്പന്‍ പൊയില്‍ മീത്തലെ പനക്കോട് മുഹമ്മദ് ഷഹല്‍ (23), ഉണ്ണികുളം പുതിയെടത്തു കണ്ടി ആദില്‍ (23) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എന്‍ കെ സത്യനാഥന്‍ അറസ്റ്റ് ചെയ്തത്. ജനുവരി 9-ന് രാത്രി 9 മണിക്ക് ബഹ്റൈനില്‍ നിന്നും കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ ഷഫീക്കിനെ കാറില്‍ കയറ്റി കൊണ്ടുപോവുകയും താമരശ്ശേരിയിലെ ലോഡ്ജില്‍ എത്തിച്ച് രണ്ടുദിവസം തടങ്കലില്‍ വെക്കുകയും ചെയ്തു എന്നാണ് പരാതി.

രണ്ടു ദിവസത്തിന് ശേഷം കാറില്‍ കയറ്റി കട്ടാങ്ങല്‍ ഭാഗത്തേക്ക് കൊണ്ട് പോകുന്നതിനിടെ കുറുങ്ങാട്ടെ കടവ് പാലതിനടുത്തു വെച്ച് കാറില്‍ നിന്നും ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി രക്ഷപ്പെട്ട ഷഫീക്കിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിറ്റേന്ന് തന്നെ പ്രതികള്‍ നാല് പേരും നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടന്നു. വിദേശത്തുള്ളവര്‍ മുഖേന സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ തിരിച്ചു കേരളത്തിലെത്തി ഹൈകോടതി നിര്‍ദേശപ്രകാരം അന്വേഷണഉദ്യോഗസ്ഥനായ താമരശ്ശേരി ഇന്‍സ്പെക്ടറുടെ മുന്‍പാകെ ഹാജരാകുകയായിരുന്നു. താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടത്തിയത്.

Exit mobile version