Site icon Fourteen Kerala – 14 Kerala News

ഭരണാനുമതിയുള്ള റോഡുകളിലെ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയായി

കുന്നമംഗലം: മണ്ഡലത്തില്‍ ഭരണാനുമതി ലഭ്യമാക്കിയ റോഡുകളില്‍ മാറ്റി സ്ഥാപിക്കേണ്ട വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. കെ.ഡബ്ല്യു.എ പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ നടത്തുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.

മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകള്‍ മാറ്റുന്നതിന് ആവശ്യമായ 11 കോടി രൂപ എന്‍ഐടി കെട്ടി വെച്ചിട്ടുണ്ട്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതിയായ കളന്‍തോട് കൂളിമാട് റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ രണ്ട് റോഡുകളിലും കെ.ഡബ്ല്യു.എ പ്രവൃത്തികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. പല ഘട്ടങ്ങളിലായി നവീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് റോഡുകളില്‍ സമയബന്ധിതമായി പൈപ്പ് ലൈനുകള്‍ മാറ്റുന്ന വിഷയത്തില്‍ അസി. എക്‌സി. എന്‍ജിനീയര്‍ തലത്തിലുള്ള മോണിറ്ററിംഗ് നടത്തും.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ താമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനും തീരുമാനിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷാജി പുത്തലത്ത്, ടി രഞ്ജിത്ത്, ഓളിക്കല്‍ ഗഫൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ അനീഷ് പാലാട്ട്, വി അനില്‍കുമാര്‍, കെ.ഡബ്ലു.എ, പൊതുമരാമത്ത് റോഡ് വിഭാഗം എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Exit mobile version