Site icon Fourteen Kerala – 14 Kerala News

ഡോക്ടറെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മെയില്‍ നഴ്സ് അറസ്റ്റില്‍

കോഴിക്കോട്: ഡോക്ടറെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മെയില്‍ നഴ്സ് അറസ്റ്റില്‍. മൈസൂരുവിലെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് തൃശ്ശൂര്‍ സ്വദേശിയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമായ നിഷാം ബാബു(24)വിനെ കസബ സിഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്.

നേരത്തെ ഇരുവരും മൈസൂരുവിലെ ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി 5 തവണ മൈസൂരുവിലെ വിവിധ ലോഡ്ജുകളില്‍വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ഫോണില്‍ നിരന്തരം ശല്യപ്പെടുത്തിയതോടെ ഡോക്ടര്‍ നമ്പര്‍ ബ്ലോക്കാക്കുകയും ചെയ്‌തെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് നിഷാം ബാബു ഡോക്ടറുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റ് ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫാക്കി നടന്ന പ്രതിയെ സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

Exit mobile version