Site icon Fourteen Kerala – 14 Kerala News

ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് : ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. വടകര കൊയിലാണ്ടി സ്വദേശി പുത്തലത്ത്​ വീട്ടിൽ അമൽ സതീശാണ് മരിച്ചത്.കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ ദുബായില്‍ നിന്ന് കാണാതായത്.

ദുബൈയിലെ അല്‍ വര്‍സാനില്‍ നിന്ന് കാണാതായ അമലിനെ കണ്ടെത്താനായി വ്യാപകമായ അന്വേഷണങ്ങള്‍ നടന്നിരുന്നു. വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന അമല്‍, ഒക്ടോബര്‍ 20ന് വൈകുന്നേരം 4.30ഓടെയാണ് ജോലി സ്ഥലത്തുനിന്ന് പുറത്തിറങ്ങിയത്.

പിന്നീട് തിരികെയെത്തിയില്ല. പിതാവ് ഉള്‍പ്പെടെ യുഎഇയില്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദുബൈ പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം പൊലീസും അന്വേഷണം നടത്തിയിരുന്നു.

കാണാതായ ശേഷം ഒരു തവണ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. ബസിലാണുള്ളതെന്നും കാടുള്ള പ്രദേശത്തുകൂടിയാണ് യാത്ര ചെയ്യുന്നതെന്നും സുഹൃത്തിനോട് പറഞ്ഞു. പിന്നീട് ഫോണ്‍ ഓഫായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് അമലിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും സുഹൃത്തുക്കള്‍ തേടി. മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. പിതാവ് ഏതാനും ദിവസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ഇതിനിടെയാണ് അമലിന്റെ മൃതദേഹം ദുബൈയിലെ മോര്‍ച്ചറിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. രണ്ടാഴ്ച മുമ്പ് ദുബൈ റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു .

Exit mobile version