Site icon Fourteen Kerala – 14 Kerala News

കോൺക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിനുള്ളിൽ മറുനാടൻ തൊഴിലാളിയുടെ കൈ കുടുങ്ങി

വടകര : കോൺക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിനുള്ളിൽ മറുനാടൻ തൊഴിലാളിയുടെ കൈ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് കൈ പുറത്തെടുക്കാനായത്. വലതുകൈക്ക് സാരമായ പരിക്കുകളോടെ ഇയാളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡിഷ സ്വദേശി ബാബുളിന്റെ (46) കൈക്കാണ് പരിക്ക്.

വടകര പുത്തൂർ വിഷ്ണുക്ഷേത്രത്തിന് സമീപം കെട്ടിടനിർമാണ ജോലി നടക്കുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കോൺക്രീറ്റ് കഴിഞ്ഞ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് ബാബുളിന്റെ കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്. മറ്റ് തൊഴിലാളികൾ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

ഹൈഡ്രോളിക് ഉപകരണങ്ങളും സ്‌പ്രെഡറും ഉപയോഗിച്ചാണ് സേന കൈ യന്ത്രത്തിനുള്ളിൽനിന്ന് പുറത്തെടുത്തത്. ഉടൻതന്നെ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും കൊണ്ടുപോയി.

Exit mobile version