Site icon Fourteen Kerala – 14 Kerala News

15,000 കോഴിമുട്ടകൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് : തമിഴ്നാട്ടിൽനിന്ന്‌ മൊത്തക്കച്ചവടത്തിനെത്തിച്ച 15,000-ത്തോളം കോഴിമുട്ടകൾ ഇവ കൊണ്ടുവന്ന ഗുഡ്സ് ഓട്ടോസഹിതം മോഷ്ടിച്ച രണ്ടുപേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ ഹൗസിൽ പീറ്റർ സൈമൺ (സനു-42), മങ്ങോട്ടുവയൽ ഇല്ലത്ത് കിഴക്കയിൽ മീത്തൽ ഹൗസിൽ അർജുൻ (32) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷും സംഘവും പിടികൂടിയത്. ജനുവരി 10-ന് പുലർച്ചെ നാലുമണിയോടെയാണ് മോഷണം നടന്നത്.

കോഴിക്കോട് മാർക്കറ്റിലേക്കുള്ള 75,000 രൂപ വിലവരുന്ന 15,000-ത്തോളം കോഴിമുട്ടകളുമായിവന്ന ഗുഡ്സ് ഓട്ടോ അർധരാത്രിയോടെ വെസ്റ്റ്ഹിൽ ഭാഗത്ത് റോഡരികിൽ നിർത്തി കുറച്ചു മാറി വിശ്രമിക്കുകയായിരുന്നു ‍ഡ്രൈവർ. ഈ സമയത്ത് മറ്റൊരു പാസഞ്ചർ ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ മുട്ടകൊണ്ടുവന്ന ഗുഡ്സ് ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോകുകയായിരുന്നു. മോഷ്ടിച്ച മുട്ടകൾ ഇവർ പിന്നീട് നഗരത്തിലെ സൂപ്പർമാർക്കറ്റുകളിലും മാളുകളിലും ചുരുങ്ങിയ വിലയ്ക്ക് വിറ്റു.

പ്രദേശത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കടത്തിക്കൊണ്ടുപോയ ഗുഡ്സ് ഓട്ടോറിക്ഷയും കണ്ടെടുത്തു.

പ്രതികളിലൊരാളായ പീറ്റർ സൈമൺ മുമ്പും മോഷണക്കേസിൽ പ്രതിയാണ്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കിരൺ ശശിധർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, കെ.എ. രാമകൃഷ്ണൻ, എം.കെ. സജീവൻ, സി. ഹരീഷ് കുമാർ, പി.എം. ലെനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Exit mobile version