Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നല്ലളം സ്വദേശിയെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയക്കേസ്; നൈജീരിയ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് നല്ലളം സ്വദേശിയെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയക്കേസിൽ നൈജീരിയ സ്വദേശി അറസ്റ്റിൽ. നൈജീരിയ സ്വദേശിയായ അകുച്ചി ഇഫെനി ഫ്രാങ്ക്ലിനെയാണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി മൊബൈൽ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷിച്ച് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബംഗലൂരുവില്‍ താമസിക്കുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ കയ്യില്‍ നിന്നും സാമ്പത്തിക തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്.

OLX ല്‍ വില്പനക്ക് വച്ച കോഴിക്കോട് നല്ലളം സ്വദേശിയുടെ ആപ്പിൾ ഐ പാഡ് വാങ്ങാനെന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട പ്രതികള്‍, പരാതിക്കാരന്റെ വിശ്വാസം പിടിച്ചുപറ്റി 20 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ഇതേ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന നൈജീരിയൻ സ്വദേശികളായ ഇമ്മാനുവൽ ജെയിംസ് ലെഗ്ബെറ്റി, ഡാനിയൽ ഒയെവാലെ ഒലായിങ്ക എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍മാരായ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മായ ജിതേഷ് , രാജേഷ്‌ , ഫെബിന്‍, സിവില്‍ പോലീസ് ഓഫീസറായ അര്‍ജുന്‍ , സിവില്‍ പോലീസ് ഓഫീസര്‍ (ഡ്രൈവര്‍) സനോജ് കുമാർ എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Exit mobile version