Site icon Fourteen Kerala – 14 Kerala News

സിവിൽ സ്റ്റേഷൻ വളപ്പിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ

കോഴിക്കോട്: സിവിൽസ്റ്റേഷൻ വളപ്പിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ. താലൂക്ക് ഓഫിസ് പരിസരത്താണു പരസ്യ ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചത്. ഓഫിസിനു മുൻവശം ഏതാനും മരങ്ങളുള്ള ഭാഗത്തു നേരത്തെ ചുറ്റും തറ കെട്ടിയിരുന്നു. അവിടെ ഇപ്പോൾ വെള്ളപൂശി ചുറ്റും പരസ്യ ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. അവിടം വൃത്തിയാക്കിയതിനു പ്രത്യുപകാരമായി പരസ്യം വയ്ക്കാൻ അനുമതി നൽകിയതാണെന്നു തഹസിൽദാർ പറഞ്ഞു.

സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥലമോ കെട്ടിടമോ സ്വകാര്യ വ്യക്തിക്കോ സ്ഥാപനങ്ങൾക്കോ മറ്റു സഹകരണ സ്ഥാപനങ്ങൾക്കോ നൽകണമെങ്കിൽ എസ്റ്റേറ്റ് കമ്മിറ്റി അംഗീകാരം ആവശ്യമാണ്. അത്തരം സന്ദർഭങ്ങളിൽ വാടക നിശ്ചയിച്ചു നിശ്ചിത കാലത്തേക്കു നിബന്ധന പ്രകാരമാണു നൽകേണ്ടത്. എന്നാൽ, താലൂക്ക് ഓഫിസ് പരിസരത്തു പരസ്യ ബോർഡ് സ്ഥാപിച്ചതിനു മാനദണ്ഡം പാലിച്ചിട്ടില്ല. വാടകയും കരാറും ഇല്ല. നേരത്തെ ഈ സ്ഥലത്തു ഇരുചക്രവാഹനങ്ങൾ പാ‍ർക്ക് ചെയ്തിരുന്നു.

ഇപ്പോൾ വാഹനം നിർത്തിയാൽ പരസ്യ ബോർ‌ഡുകൾ മറയുമെന്ന കാരണത്താൽ പാർക്കിങ് നിരോധിച്ച് ബോർഡും വച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷൻ വളപ്പിൽ പാർക്ക് പണിയാനും മറ്റും സർക്കാർ ഫണ്ട് ലഭിക്കും. പ്ലാൻ ഫണ്ടിൽ നിന്ന് ഇത്തരം പ്രവൃത്തികൾക്കു ഫണ്ട് അനുവദിക്കുന്നതാണ്. അതിനൊന്നും ശ്രമിക്കാതെയാണു സ്വകാര്യ സ്ഥാപനത്തിനു സർക്കാർ ഭൂമി പരസ്യ ബോർഡ് വയ്ക്കാൻ അനുവദിച്ചത്.

Exit mobile version