Site icon Fourteen Kerala – 14 Kerala News

കൂടത്തായി കൊലപാതകക്കേസ്: സാക്ഷിവിസ്താരം ഫെബ്രുവരി നാലിന് തീരുമാനിക്കും

കോഴിക്കോട് : കൂടത്തായി കൊലപാതകപരമ്പരയിലെ റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഫെബ്രുവരി നാലിന് തീരുമാനിക്കും.

മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പ്രതിഭാഗത്തിനുവേണ്ടി ഹാജരായ ബി.എ. ആളൂർ കൂടുതൽസമയം നൽകാൻ അപേക്ഷിക്കുകയായിരുന്നു. കേസിൽ കുറ്റവിമുക്തയാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിൽ സാക്ഷിവിസ്താരം തുടങ്ങുന്നത് നീട്ടണമെന്നായിരുന്നു ബി.എ. ആളൂർ ആവശ്യപ്പെട്ടത്.

ഓൺലൈൻവഴി ഹാജരായ ജോളി തനിക്ക് ചികിത്സച്ചെലവിനായി സ്വന്തം അക്കൗണ്ടിലെ പണമനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പ്രായോഗികബുദ്ധിമുട്ടുള്ളതിനാൽ ജയിലിലേക്ക് മണിഓർഡറായി പണം നൽകാൻ കോടതി നിർദേശിച്ചു. കേസിൽ ജോളിയടക്കം നാലുപ്രതികളെ പ്രത്യേകകോടതി കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. ജോളി, മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്ത് നിർമിച്ചുവെന്ന കുറ്റംചുമത്തിയ മനോജ് കുമാർ എന്നിവരാണ് പ്രതികൾ.

ജോളി, ആദ്യഭർത്താവ് റോയ് തോമസിനെ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്ന കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Exit mobile version