വടകര: വടകരയിൽ ബൈക്കിൽ കഞ്ചാവുമായി പോകുകയായിരുന്ന പ്രതി എക്സ് സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടകര മേപ്പയിൽ കല്ലുനിര പറമ്പത്ത് ജ്യോതിഷിൽ പ്രവീൺ(27)ആണ് കഞ്ചാവുമായി പിടികൂടിയതിനിടയിൽ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോലിനെ അക്രമിച്ച് രക്ഷപ്പെട്ടത്.
ഒപ്പം ബൈക്കിൽ സഞ്ചരിച്ച വടകര കൊടുവള്ളീന്റവിട വീട്ടിൽ അക്ഷയ്കുമാറിനെ(22)എക്സ് സൈസ് സംഘം അറസ്റ്റ് ചെയ്തു. ജ്യോതിഷിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 57-എസ്-7636 നമ്പർ ബജാജ് ഡൊമിനാർ ബൈക്കും 50 ഗ്രാം കഞ്ചാവും എക്സ് സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതിയായ ജ്യോതിഷിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സ് സൈസ് അധികൃതർ പറഞ്ഞു.
ജില്ലാ ആശുപത്രി റോഡിൽ എംഡിഎം ചിക്കൻ സ്റ്റാളിന് മുൻവശത്ത് വാഹന പരിശോധനക്കിടയിലാണ് ബൈക്കിന് എക്സ് സൈസ് സംഘം കൈകാണിച്ചത്. ബൈക്ക് നിർത്തിയ ഉടൻ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് അക്രമിച്ചത്.
