കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഐഎം. ഭീകരവാദിയായി ചിത്രീകരിച്ചത് പരിശോധിക്കണം. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട വിഷയമല്ല. സർക്കാർ നിലപാടിന് വിരുദ്ധമാണ് നടപടിയെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു. കലോൽസവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗതഗാനത്തിന്റെ ഭാഗമായുള്ള ദൃശ്യാവിഷ്കാരം ഇതിനിടയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയത് സി.പി.ഐ.എം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോഴിക്കോട് സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഒരു മുസ്ലിം വേഷധാരിയെ ഇതില്‍ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. ഇത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരുന്നു.
