Site icon Fourteen Kerala – 14 Kerala News

യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവം; ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

താമരശ്ശേരി: പ്രസവം സങ്കീര്‍ണ്ണമാണെന്നും പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

യുവതിയുടെയും കിഞ്ഞിന്റെയും ജീവന്‍ പോലും അപകടത്തിലാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. വാവാട് വെള്ളറമ്മല്‍ അബ്ദുല്‍ ശുക്കൂറിന്റെ ഭാര്യ ഷാനയാണ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആമ്പുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

ഡോക്ടറുടെ അനാസ്ഥയാണ് യുവതി ആംബുലന്‍സില്‍ പ്രസവിക്കാന്‍ കാരണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി വൈ എഫ് ഐ താമരശ്ശേരി ബ്ലോക് സെക്രട്ടറിയുമായ ടി മെഹറൂഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് റെജി അധ്യക്ഷത വഹിച്ചു. ഷറീന മജീദ്, സീന സുരേഷ്, റീജ സുധീര്‍, ഗിരിജ തെക്കേടത്ത് എന്നിവര്‍ സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.

Exit mobile version