Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയില്‍ മധ്യവയസ്‌കനെ കൊടുവാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

താമരശ്ശേരി: വീടും സ്ഥലവും വില്‍പ്പന നടത്താന്‍ ഇടനിലക്കാരനാക്കിയ ആളെ കൊടുവാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. താമരശ്ശേരി ചുങ്കം കലറക്കാം പൊയില്‍ അക്ബര്‍ എന്ന ചെറിയാവുവി(51)നെ വെട്ടിയ സംഭവത്തില്‍ താമരശ്ശേരി ഇരുമ്പിന്‍ ചീടന്‍ക്കുന്ന് മുഹമ്മദിനെ(59) യാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ചുങ്കം ചെക്ക് പോസ്റ്റ് പരിസരത്തെ പള്ളിയില്‍ നിന്നും സുബഹി നിസ്‌കാരം കഴിഞ്ഞ് ചെക്ക് പോസ്റ്റിലെ ചായക്കടക്ക് മുന്നിലെത്തിയപ്പോഴായിരുന്നു അക്രമം. തലക്ക് വെട്ടേറ്റ അക്ബറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മുഹമ്മദും രണ്ടാം ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായും ഇരുവര്‍ക്കും അവകാശപ്പെട്ട ഭൂമി വില്‍പ്പന നടത്താന്‍ അക്ബറിനെ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. സ്ഥലം കാണാന്‍ ആളെത്തിയപ്പോള്‍ മുഹമ്മദിന്റെ രണ്ടാം ഭാര്യയും ഇവിടെ എത്തിയിരുന്നു. അക്ബര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഭാര്യ അവിടെ എത്തിയതെന്നാരോപിച്ചാണ് അക്രമിച്ചതെന്നാണ് അക്ബര്‍ പറയുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

Exit mobile version