Site icon Fourteen Kerala – 14 Kerala News

മൂന്നു മണിക്കൂര്‍; താമരശ്ശേരി ചുരം ദൗത്യം പൂർത്തിയാക്കി ട്രെയിലറുകൾ ചുരം കടന്നു; ചുരം റോഡ് തുറന്നു

അടിവാരം: മൂന്നു മണിക്കൂർ കൊണ്ട് താമരശ്ശേരി ചുരം കയറി ലക്കിടിയിൽ എത്തി ട്രെയിലർ ലോറികൾ. പതിനൊന്നു മണിക്ക് അടിവാരത്തു നിന്നും ആരംഭിച്ച ദൗത്യമാണ് രാത്രി 2 മണിയോടുകൂടി ലക്കിടിയിൽ എത്തി വിജയം കണ്ടത്.

താമരശ്ശേരി ഡി.വൈ.എസ്.പി, ടി.കെ.അഷ്റഫിൻ്റെ നേതൃത്വത്തിൽ പോലീസ് വാഹനത്തെ അനുഗമിച്ചു. താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചുരത്തിലെത്തി. ഫയർ ആൻറ് റെസ്ക്യു ഫോഴ്സ് വനം വകുപ്പ് ഉദ്യോഗസ്ഥരും, കെ.എസ്. ഇ ബി. അധികൃതരും, ചുരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ക്രെയിൻ സർവ്വീസും  സജ്ജീകരിച്ചു

നെസ്ലെ കമ്പനിക്കു പാൽപൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട രണ്ട് ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടിരുന്നത്.

വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളിയാഴ്ച പുലർച്ചെ 5 വരെ ഗതാഗതം നിരോധിച്ച താമരശ്ശേരി ചുരം പാതയിലൂടെയുള്ള ഗതാഗതം തുറന്നു നൽകിയതായി അധികൃതർ അറിയിച്ചു.

Exit mobile version