Site icon Fourteen Kerala – 14 Kerala News

ഭക്ഷണത്തിൽ വിഷാംശമെന്ന് സംശയം; എൻ ഐ ടി ജീവനക്കാരന്റെ മകൾ മരിച്ചു

കോഴിക്കോട്: ഛർദ്ദിയെത്തുടർന്ന്കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു.

ചാത്തമംഗലം എൻ ഐ ടി ജീവനക്കാരനായ തെലുങ്കാന സ്വദേശി ജെയിൻ സിംഗിന്റെ മകൾ ഖ്യാതി സിംഗ് (9) ആണ് മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു മരണം.

കുട്ടി കഴിച്ച ഭക്ഷണത്തിൽ വിഷാംശം കലർന്നിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കുന്ദമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കെട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയിൽ നിന്ന് കഴിഞ്ഞ 17-ന് കുട്ടിയും രക്ഷിതാക്കളും മന്തി കഴിച്ചിരുന്നു. തുടർന്നാണ് കുട്ടിക്ക് ഛർദ്ദി തുടങ്ങിയതെന്ന് പറയപ്പെടുന്നു. ഛർദ്ദിച്ച് തളർന്ന കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വിഷാംശം കുട്ടിയുടെ ശരീരത്തിൽ എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു.

നാലു മാസം മുൻപാണ് ജെയിൻ സിംഗ് എൻ ഐ ടി യിൽ ജീവനക്കാരനായി എത്തുന്നത്. ക്വാട്ടേഴ്സ് കിട്ടാത്തതിനെത്തുടർന്ന് അദ്ദേഹവും കുടുംബവും വാടക വീട്ടിലാണ് താമസം.

Exit mobile version