Site icon Fourteen Kerala – 14 Kerala News

വാറ്റുകേന്ദ്രം കണ്ടെത്തി വാഷും ചാരായവും നശിപ്പിച്ചു

താമരശ്ശേരി:പുതുവത്സരാഘോഷത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്രത്യേക പരിശോധനയുടെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡിൽ വാറ്റുകേന്ദ്രം നശിപ്പിച്ചു. കണ്ണാടിപ്പൊയിൽ, കാപ്പിക്കുന്ന്, നമ്പിക്കുളം ഭാഗങ്ങളിലായി താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ നമ്പിക്കുളം മലയിൽനിന്നും മൂന്നു ബാരലുകളിലായി സൂക്ഷിച്ച 400 ലിറ്റർ വാഷ്, 30 ലിറ്റർ ചാരായം, രണ്ട് സെറ്റ് വാറ്റുപകരണങ്ങൾ, ഒരു മൊബൈൽഫോൺ എന്നിവ കണ്ടെടുത്തു. വ്യാജവാറ്റ് നടത്തുകയായിരുന്ന സംഘം എക്സൈസ് അധികൃതർ വരുന്നതറിഞ്ഞ് പ്രദേശത്തുനിന്ന്‌ ഓടിരക്ഷപ്പെടുകയായിരുന്നു. വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിന്നീട് നശിപ്പിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള വ്യാജവാറ്റാണ് പ്രദേശത്ത് നടന്നുവന്നിരുന്നതെന്നും മൊബൈൽഫോണിന്റെ ഉടമയെ കണ്ടെത്തി അനധികൃത വാറ്റ് നടത്തുന്ന സംഘത്തെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് അറിയിച്ചു.

കോഴിക്കോട് ഐ.ബി. പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി. രഞ്ജിത്ത്, സി.ഇ.ഒ.മാരായ സുരേഷ് ബാബു, പി.വി. നൗഷീർ, ശ്യാംപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Exit mobile version