Site icon Fourteen Kerala – 14 Kerala News

മെഡി. കോളേജ് പ്രധാന കവാടത്തിന്റെ വരാന്തയിൽ സീലിങ് അടർന്നുവീണു

കോഴിക്കോട് : ഗവ. മെഡിക്കൽ കോ​േളജ് ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ വരാന്തയിൽ സീലിങ് അടർന്നുവീണു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഒട്ടേറെ രോഗികളും കൂട്ടിരിപ്പുകാരും സമീപത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. സീലിങ് അടർന്നുവീഴുന്നതിന് തൊട്ടുമുമ്പാണ് ഈ ഭാഗത്ത് നിലത്തുകിടന്നിരുന്ന സ്ത്രീ മരുന്ന് വാങ്ങിക്കാൻ എഴുന്നേറ്റുപോയത്.

അഞ്ച്‌ ചതുരശ്രഅടി ഭാഗത്തെ സിമന്റ് സീലിങ്ങാണ് അടർന്നുവീണത്. ഉടനെ സെക്യൂരിറ്റി ജീവനക്കാരും മറ്റും ഇടപെട്ട് ആളുകളെ നിയന്ത്രിക്കുകയായിരുന്നു. ഏറ്റവുമധികം രോഗികളും ബന്ധുക്കളും കൂട്ടിരിപ്പുകാരും കടന്നുപോകുന്ന കവാടമാണിത്.

മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ വാർഡിലും മറ്റും സീലിങ് ഇടയ്ക്കിടെ തകർന്നുവീഴാറുണ്ടെങ്കിലും പ്രധാന വരാന്തയിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അറ്റകുറ്റപ്പണിക്ക് അടിയന്തരനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version