Site icon Fourteen Kerala – 14 Kerala News

പി.എൻ.ബി. തട്ടിപ്പ്: കോർപ്പറേഷന്റെ പണം തിരിച്ചുകിട്ടാൻ വൈകും; പ്രതി ഇപ്പോഴും കാണാമറയത്ത്

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷന്റെ അക്കൗണ്ടുകളിൽനിന്ന് കോടികളുടെ തിരിമറി നടത്തിയ കേസിൽ കോർപ്പറേഷന് പണം തിരികെ കിട്ടാൻ വൈകും. ഡൽഹിയിൽ തിങ്കളാഴ്ച ചേരാനിരുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം 14-ലേക്ക് മാറ്റിയതിനാലാണിത്. ബുധനാഴ്ച യോഗം ചേരുമെന്നും വിഷയം യോഗത്തിൽ അജൻഡയായി വന്നിട്ടുണ്ടെന്നുമാണ് ബാങ്ക് അധികൃതർ കോർപ്പറേഷനെ അറിയിച്ചത്.

ഇതോടെ കോർപ്പറേഷന് കിട്ടാനുള്ള 10.7കോടി രൂപ കൂടി ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ബുധനാഴ്ചയ്ക്കുമുമ്പുതന്നെ പണം തിരികെ നൽകാൻ സർക്കിൾ തലത്തിലുള്ള അനുമതിക്കായി ശ്രമിക്കുന്നുണ്ടെന്നും ബാങ്ക് അധികൃതർ കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്.

കോർപ്പറേഷന് തിരിച്ചുനൽകാൻ ബാക്കിയുള്ള 10.07 കോടി തിങ്കളാഴ്ച ചേരുന്ന ബാങ്കിന്റെ ബോർഡ് യോഗത്തിനുശേഷം നൽകുമെന്നാണ് സൂചനയുണ്ടായിരുന്നത്. പലിശയുൾപ്പെടെ നൽകണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോടികളുടെ തിരിമറി നടത്തിയ കേസിൽ മുൻ മാനേജർ എം.പി. റിജിലിനെ ഇനിയും കണ്ടെത്താനായില്ല. റിജിലിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുമുമ്പ് റിജിൽ അഞ്ചുലക്ഷം രൂപ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിജിൽ കേരളത്തിന് വെളിയിലേക്ക് കടന്നിട്ടില്ലെന്നു തന്നെയാണ് പോലീസ് നിഗമനം. രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ നൽകിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നപ്പോൾ വീട്ടിൽനിന്ന് പോയ റിജിൽ പിന്നീട് വന്നിട്ടില്ലെന്നാണ് വിവരം. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു.

ഇതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ അധികൃതർ ആർ.ബി.ഐ.ക്കും പ്രധാനമന്ത്രിയുടെ പോർട്ടലിലും പരാതി നൽകി. ബാങ്കിനെതിരേ നിയമനടപടി സ്വീകരിക്കാൻ ആലോചന നടക്കുന്നുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. എന്നാൽ, നിയമനടപടിയിലേക്ക് കടക്കുംമുമ്പുതന്നെ കിട്ടാനുള്ള തുക വാങ്ങിയെടുക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് വിദഗ്‌ധരെ ഉപയോഗിച്ച് സൂക്ഷ്മ പരിശോധന നടത്തിയ ശേഷം നിയമനടപടികളിലേക്ക് പോവാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇതിനായി വിദഗ്‌ധരുടെ സഹായം തേടിയിട്ടുണ്ട്.

17 അക്കൗണ്ടുകളിൽനിന്നായി 21.29 കോടിയുടെ തിരിമറിയിലൂടെ 12.68 കോടിയാണ് വിവിധ അക്കൗണ്ടുകളിൽനിന്ന് നഷ്ടമായത്. റിജിൽ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു. അതിനാൽ തുടരന്വേഷണത്തിന് കസ്റ്റഡിയിലുള്ള അന്വേഷണം ആവശ്യമാണെന്ന് കാണിച്ചാണ് മുൻകൂർജാമ്യം തള്ളിയത്.

Exit mobile version