Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്ട് 15കാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ കൗമാരക്കാരനെ വീട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം മുറിച്ചെടുത്തത്. ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു .

ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്ന കൗമാരക്കാരനെ ഏറെ പ്രയാസപ്പെട്ടാണ് അഗ്‌നി രക്ഷാസേനയും ഡോക്റ്റര്‍മാരും ചേര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്തായാലും പതിനഞ്ചുകാരന് അപകടമൊന്നും സംഭവിക്കാത്തില്‍ അശ്വാസത്തിലാണ് വീട്ടുകാരും ഡോക്ടര്‍മാരും.

Exit mobile version