Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

നാദാപുരം: കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ കണ്ണൂര്‍ കേളകം സ്വദേശി തേക്കുങ്കല്‍ സമീഷ് ടി ദേവിന്റെ (29) അറസ്റ്റ് നാദാപുരം പോലീസ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന യുവാവ് ഓഫീസില്‍ ഹാജരാവുകയായിരുന്നു.കഴിഞ്ഞ 25ാം തീയതി ശനിയാഴ്ച രാത്രിയാണ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ശ്രീജിത്തിനെ (39) നരിക്കാട്ടേരി കാരയില്‍ കനാല്‍ റോഡില്‍ ഗുരുതര പരിക്കുകളോടെ നാട്ടുകാര്‍ കണ്ടെത്തിയത്. സമീപത്തായി ശ്രീജിത്തിന്റെ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അപകട സ്ഥലത്ത് നിന്ന് ഒരാള്‍ ഓടി പോവുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തിനൊപ്പം കാറില്‍ സഞ്ചരിച്ചത് സമീഷ് ആണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇയാള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല. സമീഷിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നരിക്കാട്ടേരി സ്വദേശിനിയായ യുവതിയെ കാണാനാണ് സമീഷ് എത്തിയതെന്നും മാഹിയിലെ ബാറില്‍ പരിചയപ്പെട്ട ശ്രീജിത്തിനൊപ്പം ഇയാള്‍ നരിക്കാട്ടേരിയില്‍ എത്തിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു.

ശ്രീജിത്ത് കാറില്‍ നിന്നിറങ്ങി നില്‍ക്കുകയും സമീഷ് കാറുമായി പുറത്തേക്ക് പോയി വരുന്നതിനിടയില്‍ മദ്യ ലഹരിയില്‍ റോഡില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിന്റെ ദേഹത്ത് കയറി ഇറങ്ങിയെന്നും സമീഷ് പറഞ്ഞു. കാറിന്റെ ടയറിനടിയില്‍ കുടുങ്ങിയ ശ്രീജിത്തിനെ പുറത്തേക്ക് എടുത്ത് കിടത്തി. കാര്‍ കല്ലുകള്‍ക്കിടയില്‍ കുടുങ്ങുകയും നാട്ടുകാര്‍ അപകട സ്ഥലത്തേക്ക് വരികയും ചെയ്തതോടെ രക്ഷപ്പെട്ടെന്നും യുവാവ് മൊഴി നല്‍കി. ഈ സമയം സ്‌കൂട്ടറില്‍ വരികയായിരുന്ന പെണ്‍കുട്ടിയോട് അപകടം നടന്ന കാര്യം പറഞ്ഞതായും സമീഷ് പറഞ്ഞു. യുവാവിന്റെ മൊഴി പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കനാല്‍ റോഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Exit mobile version