Site icon Fourteen Kerala – 14 Kerala News

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പൊലീസ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ (47) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 767 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 41 ലക്ഷം രൂപയാണ് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ വില.

ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ബെഹ്റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് പ്രതി കാലിക്കറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ആറരയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റഷീദിനെ നിരീക്ഷിച്ചുകൊണ്ട് പോലീസ് പുറത്തുണ്ടായിരുന്നു. റഷീദില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിക്കൊനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരോടൊത്ത് കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വെച്ചാണ് റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപിഎസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെയും വാഹനസഹിതം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ മൂന്ന് പേരും വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് റഷീദിന്റെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് റഷീദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ റഷീദിന്റെ വയറിനകത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 3 കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.

Exit mobile version