Site icon Fourteen Kerala – 14 Kerala News

ഓമശ്ശേരിയിൽ അനധികൃത പാർക്കിങ്; അപകടക്കെണിയാകുന്നു

ഓമശ്ശേരി : ഓമശ്ശേരി അങ്ങാടിയിലും കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയോരത്തെയും അനധികൃത പാർക്കിങ് അപകടക്കെണിയാകുന്നു. ബസ്‌സ്റ്റാൻഡിന്റെ മുൻവശം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വിവിധ ടാക്സികൾ സ്റ്റാൻഡായി ഉപയോഗിക്കുകയാണ്.

ബസ്‌സ്റ്റാൻഡിൽനിന്ന് മുക്കം ഭാഗത്തേക്ക് ചെങ്കുത്തായ കയറ്റവും കൊടും വളവുമുള്ള റോഡിന്റെ ഇരുവശങ്ങളും രാവിലെത്തന്നെ വിവിധവാഹനങ്ങൾ പാർക്കിങ്ങിനായി ഇടംപിടിക്കും. നവീകരണപ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ സംസ്ഥാനപാതയിൽ ഒട്ടേറെ അപകടങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്.

ഓമശ്ശേരിയിലെ പ്രമുഖ സ്വകാര്യാശുപത്രിയിലേക്കെത്തുന്ന ആളുകളുടെ വാഹനങ്ങളാണ് റോഡിനിരുവശവും അനധികൃതമായി പാർക്കുചെയ്തിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരും സന്നദ്ധസംഘടനാപ്രവർത്തകരും വിഷയം ഒട്ടേറെത്തവണ ആശുപത്രി മാനേജുമെന്റിനെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു.

ആശുപത്രിയുടെ പാർക്കിങ് സ്ഥലം രാവിലെത്തന്നെ നിറയും. പിന്നീടെത്തുന്ന ആളുകൾ റോഡരികിൽ വാഹനംനിർത്തിയിട്ട് പോകുകയാണ് പതിവ്. ഓമശ്ശേരി ബസ്‌സ്റ്റാൻഡിൽ കൊടുവള്ളി പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും അനധികൃത പാർക്കിങ്ങിനെതിരേ യാതൊരു നടപടികളും സ്വീകരിക്കാറില്ല. വിഷയത്തിൽ ഗ്രാമപ്പഞ്ചായത്ത് ഇടപെടണമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരംകാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Exit mobile version