Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി നഗരസഭയിലെ കണ്ടാല മലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിടുന്നതിനിടെ പ്രതിഷേധം ശക്തമാവുന്നു

കൊടുവള്ളി : നഗരസഭയിലെ കണ്ടാല മലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിടുന്നതിനിടെ പ്രതിഷേധം ശക്തമാവുന്നു. ഹരിത കര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മാസങ്ങളായി കണ്ടാലമയില്‍ നിക്ഷേപിക്കുന്നത്. ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഷെഡ് നോക്കുകുത്തിയാണ്.

 

കൊടുവള്ളി നഗരസഭയില്‍ ഏറ്റവും ഉയരത്തിലുള്ള പ്രദേശങ്ങളിലൊന്നാണ് കണ്ടാലമല. വാവാട് ഗവണ്‍മെന്റ് യു പി സ്‌കൂളിന് മുകളിലായി സ്ഥിതിചെയ്യുന്ന കണ്ടാലമയില്‍ രണ്ടര ഏക്കറോളം ഭൂമിയാണ് നഗരസഭക്കുള്ളത്. ഇവിടെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനായി ലക്ഷങ്ങള്‍ മുടക്കി റോഡ് നിര്‍മിക്കുകയും വൈദ്യുതി എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഷെഡും നിര്‍മിച്ചു. ഇതിനാവശ്യമായ മെഷീനുകള്‍ ഷെഡിനുള്ളില്‍ വാങ്ങി വെച്ചിട്ടുണ്ടെങ്കിലും ഇടുങ്ങിയ ഷെഡില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനാവില്ല. അതിനാല്‍ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ കുന്നു കൂടുകയാണ്.

പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളുമായി നഗരസഭാ അധികൃതര്‍ രംഗത്തെത്തി. ഏതാനും തൊഴിലാളികളെ മാലിന്യം ചാക്കിലാക്കാന്‍ നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രശ്‌ന പരിഹാരം ഇനിയും അകലെയാണ്. മാലിന്യ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇടത് കൗണ്‍സിലര്‍മാര്‍ പ്രദേശം സന്ദര്‍ശിച്ചു.

 

തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ പോലും നഗരസഭാ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരം തിരിക്കാതെ ഇവിടെ കൂട്ടിയിടുന്നതിനാല്‍ കണ്ടാലമലക്ക് താഴ് വാരത്തുള്ളവര്‍ ദുരിതത്തിലാണ്. മഴവെള്ളത്തോടൊപ്പം മാലിന്യങ്ങള്‍ ഒലിച്ചിറങ്ങുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നാണ് ഇവരുടെ ആശങ്ക.

 

മാലിന്യം നായാക്കളും മറ്റും കടിച്ചു പറിച്ച് പ്രദേശത്താകെ പരക്കുന്നതും ഇവരെ പ്രയാസപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ക്ക് യാതൊരു പ്രയാസവും ഇല്ലാത്ത രീതിയിലാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. മാലിന്യം ശേഖരിക്കുന്ന കമ്പനിയുമായി കരാറിലേര്‍പ്പെടാനുണ്ടായ കാലതാമസമാണ് മാലിന്യശേഖരത്തിന് കാരണമെന്നും ഇത് നീക്കം ചെയ്യാന്‍ ആരംഭിച്ചുവെന്നും ചെയര്‍മാന്‍ വെള്ളറ അബ്ദു പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി ലക്ഷങ്ങള്‍ മുടങ്ങി ഷെഡ് നിര്‍മിക്കുകയും മെഷിനറികള്‍ വാങ്ങുകയും ചെയ്‌തെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാതെ സ്വകാര്യ കമ്പനിക്ക് പണം നല്‍കി പ്ലാസ്റ്റിക് നീക്കം ചെയ്യിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.

Exit mobile version