Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി കെ എസ് ഇ ബി ഓഫീസില്‍ ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

താമരശ്ശേരി : വൈദ്യുതി ബന്ധം വിഛേദിച്ചതുമായി ബന്ധപ്പെട്ട് താമരശ്ശേരി കെ എസ് ഇ ബി ഓഫീസില്‍ ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഓഫീസില്‍ അക്രമം നടത്തിയെന്ന് കാണിച്ച് കെ എസ് ഇ ബി അധികൃതര്‍ നല്‍കിയ പരാതിയിലാണ് താമരശ്ശേരി വെഴുപ്പൂര്‍ കയ്യേലിക്കല്‍ വിനീഷ്(39), കയ്യേലിക്കല്‍ കെ പി അനൂപ്(35), കയ്യേലിക്കല്‍ അനീഷ്(37), താമരശ്ശേരി ചെട്ട്യാംകണ്ടി ഷരീഫ്(41), പെരുമ്പള്ളി വാഴയില്‍ സജീവന്‍(40) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പൊതു മുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

വിനീഷിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചത് സംബന്ധിച്ച പരാതിയാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. പണം അടച്ചില്ലെന്നാരോപിച്ചാണ് വിനീഷിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചത്. എന്നാല്‍ രാവിലെ ഒന്‍പതരയോടെ ഓണ്‍ലൈനായി പണം അടച്ചതാണെന്നും പതിനൊന്നരയോടെ കെ എസ് ഇ ബി ജീവനക്കാരന്‍ വിളിച്ചപ്പോള്‍ പണം അടച്ച വിവരം അറിയിച്ചിരുന്നുവെന്നും വിനീഷ് പറഞ്ഞു. മരണ വീട്ടിലായിരുന്ന ഇവര്‍ വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഫ്യൂസ് ഊരിയെടുത്തതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പണം അടച്ച വിവരം അറിയിക്കാന്‍ ഓഫീസിലെത്തിയത്. വാക്കേറ്റത്തിനിടെ ഓവര്‍സിയര്‍ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തുവെന്ന് ഇവര്‍ പറഞ്ഞു. ഓവര്‍സിയര്‍ അക്രമിക്കുന്നതിന്റെ വീഡോയോയും ഇവര്‍ പുറത്തുവിട്ടു.

ജീവനക്കാര്‍ സംഘടിച്ചെത്തി അക്രമിച്ചതിനെ തുടര്‍ന്ന് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടുവെന്നും രണ്ടുപേരെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇവര്‍ പറയുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചു. അറസ്റ്റിലായ ഷരീഫിന്റെ തോളെല്ല് സംഘര്‍ഷത്തില്‍ പൊട്ടിയ നിലയിലാണ്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. അതിനിടെ വിഛേദിച്ച വൈദ്യുതി ബന്ധം ഇന്നലെ രാവിലെ കെ എസ് ഇ ബി ജീവനക്കാരെത്തി പുനസ്ഥാപിച്ചു. പണം അടച്ചില്ലെങ്കില്‍ പിന്നെ എങ്ങിനെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Exit mobile version