Site icon Fourteen Kerala – 14 Kerala News

റോഡ് കൈയടക്കി അനധികൃത പാർക്കിങ്: താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസിൽ നടക്കാനിടമില്ല

താമരശ്ശേരി : ഗതാഗതക്കുരുക്ക് പരിഹരിക്കാനായി യാഥാർഥ്യമാക്കിയ പ്രധാന നിരത്തിലെ അനധികൃതപാർക്കിങ് കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ഒരുപോലെ അപകടഭീഷണിയാവുന്നു. സ്ഥല ഉടമകളും കെട്ടിട ഉടമകളും സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് പൊതുമരാമത്തുവകുപ്പ് അനുവദിച്ച രണ്ടരക്കോടിരൂപ ചെലവഴിച്ചുനിർമിച്ച താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസ് റോഡിലാണ് ട്രാഫിക് നിയമലംഘനം അപകടക്കെണിയാവുന്നത്.

1.03 കിലോമീറ്ററുള്ള മിനി ബൈപ്പാസ് റോഡിൽ ചുങ്കം ജങ്ഷനും താമരശ്ശേരി ഗാന്ധിപാർക്കിനും സമീപത്തായുള്ള ഭാഗങ്ങളിൽ സ്ഥലപരിമിതികാരണം വീതിക്കുറവുണ്ട്. മറ്റിടങ്ങളിലെല്ലാം സാമാന്യം വീതിയുള്ള റോഡിൽ പലയിടത്തും റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലസൗകര്യവുമുണ്ട്.

എന്നാൽ അതുപയോഗിക്കാതെ റോഡിന് വീതിക്കുറവുള്ള ചുങ്കംജങ്ഷന് സമീപത്തെ പ്രവേശനഭാഗത്ത് പലരും വാഹനങ്ങൾ നിർത്തിയിടുന്നു. ബാലുശ്ശേരി, കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇരുദിശകളിലായി കടന്നുപോവുന്ന നിരത്താണ് മിനി ബൈപ്പാസ്. പള്ളിപ്പുറം, തച്ചംപൊയിൽ, ഈർപ്പോണ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും മിനി ബൈപ്പാസിൽ പ്രവേശിച്ച് സഞ്ചരിക്കാറുണ്ട്. തിരക്കേറിയ റോഡിലെ വീതികുറഞ്ഞ ഭാഗത്താണ് അനധികൃതപാർക്കിങ് എന്നതാണ് പ്രശ്നമാകുന്നത്

Exit mobile version