Site icon Fourteen Kerala – 14 Kerala News

വിനോദയാത്രയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

താമരശ്ശേരി: വിനോദയാത്രയ്ക്ക് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമെത്തിയ യുവാവ് ‌ചുങ്കത്ത് കുഴഞ്ഞുവീണ്‌ മരിച്ചു. കൊല്ലം ശാസ്താംകോട്ട വേങ്ങ പുളിന്താനത്തുവീട്ടിൽ അനിൽ കുമാർ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചുങ്കത്തെ പെട്രോൾപമ്പിനുസമീപമാണ് സംഭവം.

നാലുകുടുംബങ്ങളിലെ എട്ടുമുതിർന്നവരും എട്ടുകുട്ടികളും ഉൾപ്പെട്ട യാത്രാസംഘത്തിനൊപ്പം എത്തിയതായിരുന്നു അനിൽകുമാർ. ഞായറാഴ്ച കൊല്ലത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച മലമ്പുഴ, നെല്ലിയാമ്പതി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം ചൊവ്വാഴ്ച ട്രാവലറിൽ വയനാട്ടിലേക്ക് പോകവേയാണ് സംഭവം. യാത്രാമധ്യേ ചുങ്കത്തെ പെട്രോൾപമ്പിൽ ഇന്ധനംനിറയ്ക്കാൻ വാഹനംനിർത്തിയപ്പോൾ അനിൽകുമാർ ഇറങ്ങി ഫോൺ ചെയ്യുകയായിരുന്നു. ഈ സമയം ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും വാഹനത്തിലുണ്ടായിരുന്നു.

നടന്നുകൊണ്ട് ഫോണിൽ സംസാരിക്കവേ കുഴഞ്ഞുവീണ അനിൽകുമാറിനെ കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ഓട്ടോയിൽ താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പെ മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽകോളേജിലേക്ക് മാറ്റി. ഭാര്യ: രശ്മി (കവിത). മക്കൾ: ദേവിക, വൈഗരി.

Exit mobile version