Site icon Fourteen Kerala – 14 Kerala News

മലബാർ ക്രാഫ്റ്റ് മേള അടുത്തവർഷംമുതൽ കേരള ക്രാഫ്റ്റ് മേളയാക്കും; മന്ത്രി

കോഴിക്കോട് : മലബാർ ക്രാഫ്റ്റ് മേള അടുത്ത വർഷംമുതൽ കേരള ക്രാഫ്റ്റ് മേളയാക്കി നടത്തുമെന്ന്‌ മന്ത്രി പി. രാജീവ്. കോഴിക്കോട് സ്വപ്നനഗരിയിൽ മലബാർ ക്രാഫ്റ്റ് മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായ മേഖലയിൽ നമ്മുടെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ അടിസ്ഥാനത്തിൽ കരട് നയം രൂപവത്കരിക്കുകയാണ് സർക്കാർ. അടുത്തയാഴ്ച കരട് നയം വെബ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യും. ഇതിനായി എല്ലാ വ്യാഴാഴ്ചകളിലും വ്യവസായികളുമായി ചർച്ച നടത്തും. കേരളത്തിൽ ഈ സാമ്പത്തികവർഷം ഒരു ലക്ഷം സംരംഭകരെയാണ് ലക്ഷ്യമിടുന്നത്.

മേളയിൽ ഏറ്റവും മികച്ച എക്സിബിഷനുള്ള പുരസ്കാരം മേഘാലയയിൽനിന്നുള്ള വിജയ്‍കുമാർ ബിശ്വയ്ക്ക് മന്ത്രി സമ്മാനിച്ചു.

കന്യാകുമാരിയിൽനിന്നുള്ള മഹേശ്വരി രണ്ടാം സ്ഥാനവും ബംഗാളിൽനിന്നുള്ള ഗോവിന്ദ് ജാ മൂന്നാംസ്ഥാനവും നേടി. കേരളത്തിൽ നിന്നുള്ള മികച്ച എക്സിബിഷന് കൊല്ലത്ത് നിന്നുള്ള ജേക്കബ് കുര്യൻ അർഹനായി.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സൂരജ് എസ്. നായർ, വ്യവസായ വാണിജ്യവകുപ്പ് അഡീഷണൽ ഡയറക്ടർ പി.എ. സുരേഷ് കുമാർ, ജില്ലാ വ്യവസായകേന്ദ്രം ജനറൽമാനേജർ ബിജു പി. എബ്രഹാം എന്നിവർ സംസാരിച്ചു.

Exit mobile version