Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്‌ ഗവ. ​മെഡിക്കൽ കോളേജിൽ നവീകരിച്ച ഏഴാംവാർഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവീകരിച്ച ഏഴാംവാർഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിർമാണപ്രവർത്തനത്തിനായി ആറുമാസത്തോളം അടച്ചിട്ട വാർഡാണ് ആധുനിക സൗകര്യങ്ങൾ ഒരുക്കി തുറന്നുകൊടുത്തത്. 27 കട്ടിലുകൾ, പാമ്പുകടിയേറ്റാൽ ചികിത്സിക്കുന്ന അഞ്ചുകിടക്കകളുള്ള ഐ.സി.യു., അത്യന്താധുനിക ഉപകരണങ്ങളുള്ള ഓക്സിജൻ ട്രോളി, ക്ളാസ് റൂം, ശുദ്ധീകരിച്ച തണുത്തതും ചൂടുള്ളതുമായ വെള്ളം, മൂന്നുലക്ഷം വിലവരുന്ന ഹൃദയസ്തംഭന ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന പേസിങ്‌ സൗകര്യമുള്ള ഡെഫിബ്രിലേറ്റർ തുടങ്ങിയവ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്.

മുൻ എം.എൽ.എ. ജോർജ് എം. തോമസിന്റെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 40 ലക്ഷം രൂപ ചെലവഴിച്ചാണ് വാർഡ് നവീകരിച്ചത്. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, മെഡിസിൻ വിഭാഗം മേധാവി ഡോ. പി. ജയേഷ്‌കുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്കുമാർ എന്നിവർ സംസാരിച്ചു.

ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ജനങ്ങൾക്ക് കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിനായി ആരോഗ്യവകുപ്പുമന്ത്രിയുമായി സംസാരിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിലുള്ള മാസ്റ്റർപ്ലാനും ചർച്ചയുടെ ഭാഗമാക്കും. ജീവനക്കാരുടെ കുറവ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version