Site icon Fourteen Kerala – 14 Kerala News

പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തിയ ബാലുശ്ശേരി സ്വദേശിയുടെ ബാഗ് കവര്‍ന്നയാള്‍ പിടിയില്‍

കോഴിക്കോട്: പൊറ്റമ്മലിലെ സലഫി മസ്ജിദില്‍ നമസ്‌കരിക്കാന്‍ കയറിയ യുവാവിന്റെ ലാപ്‌ടോപ് അടങ്ങിയ ബാഗ് കവര്‍ന്നയാള്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ജാവേദ്ഖാനെയാണ് (20) സിറ്റി സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ബാലുശ്ശേരി കിനാലൂര്‍ സ്വദേശിയുടെ ടാബും ലാപ്‌ടോപ്പും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗാണ് കവര്‍ന്നത്.

സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ് കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ടാബ് പ്രതി 12,000 രൂപക്ക് വില്‍പന നടത്തിയ ശേഷം മൊബൈല്‍ ഫോണും വാച്ചും കുളിങ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു. ലാപ്‌ടോപ്പ് വില്‍പ്പന നടത്താന്‍ സാധിക്കാത്തതിനാല്‍ പ്രതി താമസിക്കുന്ന ചേവായൂര്‍ ത്വഗ് രോഗാശുപ്രതിക്ക് സമീപത്തുള്ള ഉദയം ഹോമിന്റെ കോമ്പൗണ്ടില്‍ കുറ്റിക്കാട്ടിലൊളിപ്പിച്ചത് പോലീസ് കണ്ടെടുത്തു.

സ്‌പെഷല്‍ ആക്ഷന്‍ ഗുപ് സബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, രാകേഷ് ചൈതന്യം, എ.കെ. അര്‍ജുന്‍, മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ബാലു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഹരികൃഷ്ണന്‍, ശ്രീജയന്‍, സി.പി.ഒ ഫൈസല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version