Site icon Fourteen Kerala – 14 Kerala News

വടക്കഞ്ചേരി അപകടം; ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലത്ത് പിടിയിൽ

കൊല്ലം: വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പിടിയിൽ. കൊല്ലം ചവറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടികൂടിയത്.

അപകടത്തിന് പിന്നാലെ ഇയാൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം.

ഇയാളെ ചവറ പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി വടക്കഞ്ചേരി പൊലീസിന് കൈമാറും. വടക്കഞ്ചേരി അഞ്ചുമൂർത്തിമം​ഗലത്തിന് സമീപം സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ വിദ്യാർത്ഥികളടക്കം ഒൻപത് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്

Exit mobile version