താമരശ്ശേരി: അടിവാരം ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി ഓഫീസില്‍ കവര്‍ച്ച നടത്തിയത് പള്ളികളില്‍ മാത്രം മോഷണം നടത്തുന്ന വയനാട് സ്വദേശി ഷംസാദ്. തമിഴ്‌നാട്ടില്‍ പിടിയിലായ സുല്‍ത്താന്‍ ബത്തേരി മലവയല്‍ മുര്‍ക്കന്‍ വീട്ടില്‍ ഷംസാദ്(34) ആണ് അടിവാരം മസ്ജിദിലും കവര്‍ച്ച നടത്തിയത്. മോഷണ കേസില്‍ ഡിണ്ടിഗലില്‍ അറസ്റ്റിലായ പ്രതിയെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
അടിവാരം ടൗണ്‍ ജുമുഅ മസ്ജിദ് ഓഫീസില്‍ നിന്ന് 47000 രൂപ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ജൂലൈ 13നാണ് മോഷണം നടന്നത്. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന ഷംസാദ് മേശ തകര്‍ത്ത് അലമാരയുടെ താക്കോല്‍ കരസ്ഥമാക്കിയാണ് കവര്‍ച്ച നടത്തിയത്. പള്ളികളില്‍ മാത്രമാണ് ഷംസാദ് മോഷണം നടത്തുന്നത്. 12 കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
രണ്ട് കേസുകളില്‍ വെറുതെ വിട്ടു. കൂടാതെ അഞ്ച് കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. അടുത്തിടെ വിയ്യൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതി തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ പള്ളിയില്‍ മോഷണം നടത്തിയതിനാണ് പോലീസിന്റെ പിടിയിലായത്. വിരലടയാളം പരിശോധിച്ചപ്പോള്‍ അടിവാരത്തെ പള്ളിയിലും കവര്‍ച്ച നടത്തിയത് ഷംസാദാണെന്ന് തിരിച്ചറിഞ്ഞു. ഇതിനെ തുടര്‍ന്നാണ് താമരശ്ശേരി പോലീസ് തമിഴ്‌നാട്ടിലെത്തി റിമാണ്ടിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റിഡിയില്‍ വാങ്ങിയത്.
എസ് ഐ മാരായ റസാഖ്, ശ്രീകുമാര്‍, സി പി ഒ മാരായ ലിനീഷ്, ഷിനോജ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിയെ തിങ്കളാഴ്ച ഡിണ്ടിഗലില്‍ കോടതിയില്‍ ഹാജറാക്കും.
