Site icon Fourteen Kerala – 14 Kerala News

1400 അമ്മമാര്‍ അമ്മിഞ്ഞപ്പാല്‍ നല്‍കി; അവര്‍ കാണാത്ത 1813 കുഞ്ഞുങ്ങള്‍ക്ക്

കോഴിക്കോട് : 1400 അമ്മമാര്‍ നല്‍കിയ സ്‌നേഹമധുരമൂറും മുലപ്പാല്‍ ജീവനേകിയത് അവര്‍ കാണാത്ത 1813 കുഞ്ഞോമനകള്‍ക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കാണ് മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് അമ്മമധുരമേകുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാല്‍ ബാങ്ക് ഒന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇതുവരെ ശേഖരിച്ചത് 1,26,225 മില്ലി ലിറ്റര്‍ മുലപ്പാല്‍.

പാസ്ച്ചുറൈസേഷന്‍ചെയ്തു അണുവിമുക്തമാക്കിയ 1,16,315 മില്ലി ലിറ്റര്‍ പാല്‍ 14,000-ല്‍ കൂടുതല്‍ തവണയാണ് ഇവിടെനിന്ന് നല്‍കിയത്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ മുലപ്പാല്‍ ലഭ്യമല്ലാത്ത കുഞ്ഞുങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. ഇതില്‍ത്തന്നെ െഎ.സി.യു.വില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കാണ് മുന്‍ഗണന.

കുഞ്ഞിന്റെ വളര്‍ച്ചക്കുറവ്, തൂക്കക്കുറവ്, അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, വെന്റിലേറ്ററില്‍ കഴിയുന്ന അവസ്ഥ, മരണം, ആവശ്യത്തിന് പാല്‍ ഉത്പാദനം കുറയല്‍, പ്രസവം കഴിഞ്ഞശേഷം അമ്മയും കുഞ്ഞും വെവ്വേറെ ആശുപത്രികളില്‍ കഴിയേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇവിടെനിന്ന് പാല്‍ നല്‍കുന്നത്.

Exit mobile version