Site icon Fourteen Kerala – 14 Kerala News

ബൈക്ക് യാത്രക്കാരെ മനപൂര്‍വം ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി; വാവാട് സ്വദേശി അറസ്റ്റില്‍

താമരശ്ശേരി: ബൈക്ക് യാത്രക്കാരെ മനപൂര്‍വം ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി. ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന അത്തോളി പറമ്പത്ത് സ്വദേശികളായ ശ്രീരാജ്, ഷിമില്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്കിലാണ് പിന്നിലുണ്ടായിരുന്ന കാര്‍ മനപൂര്‍വം ഇടിപ്പിച്ചത്.

കെ എ 03 എ എഫ് 1261 നമ്പര്‍ കാറാണ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്ന് ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയത്. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരെയുമായി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഇവിടെ നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. കാറോടിച്ച കൊടുവള്ളി വാവാട് പുലിക്കുഴിയില്‍ മിദ്‌ലാജ്(27)നെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

 

പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് 8.36 ഗ്രാം തൂക്കം വരുന്ന 21 എം ഡി എം എ ഗുളിക, മാരക മയക്കുമരുന്നായ മെത്താ അഫിറ്റമിന്‍ എന്നിവയും ലഹരി മരുന്ന് വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ എഴുതിയ നോട്ട് ബുക്കും കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version