Site icon Fourteen Kerala – 14 Kerala News

ടിക്കറ്റെടുത്തെന്ന വ്യാജസന്ദേശമുണ്ടാക്കി തീവണ്ടിയിൽ യാത്രചെയ്ത രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ടിക്കറ്റെടുത്തതായുള്ള വ്യാജസന്ദേശം മൊബൈലിൽ ഉണ്ടാക്കി തീവണ്ടിയിൽ യാത്രചെയ്ത വിദ്യാർഥികളെ കോഴിക്കോട് ആർ.പി.എഫ്. പിടികൂടി. മംഗള എക്സ്പ്രസിൽ നിസാമുദീനിൽനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ട്രെയിൻ വടകരയെത്തിയപ്പോൾ ടി.ടി.ഇ. ഇവരുടെ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഒരാൾകൂടി ഇവർക്കൊപ്പം യാത്രചെയ്തിരുന്നു. അയാൾ മംഗളൂരുവിൽ ഇറങ്ങിയതായും ഇവർ ടി.ടി.ഇ. യോട് പറഞ്ഞു.

ഡൽഹിയിൽനിന്ന് പുറപ്പെട്ടതുമുതൽ മൂവരും ജനറൽ കോച്ചിലാണ് യാത്രചെയ്തത്. അതിനാൽ ടിക്കറ്റ് പരിശോധിച്ചിട്ടുണ്ടാകാൻ വഴിയില്ലാത്തതിനാലാണ് ഇവർ ഇത്രയും ദൂരം യാത്രചെയ്തതെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

ടിക്കറ്റ് റിസർവ് ചെയ്താൽ മൊബൈലിൽ ലഭിക്കുന്ന സന്ദേശത്തിന്റെ രീതിയിൽ സ്വയം മെസേജ് തയ്യാറാക്കിയിടുകയായിരുന്നു ഇവർ. മെസേജിൽ ഡി.1, ഡി.2., ഡി.3 എന്നിങ്ങനെയുള്ള കോച്ചുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, മംഗള എക്സ്‌പ്രസിൽ ഈ കോച്ചുകൾ ഉണ്ടായിരുന്നില്ല. അപ്പോഴാണ് ടി.ടി.ഇ.യ്ക്ക് സംശയം തോന്നിയത്.

ഇവരോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ടിക്കറ്റെടുത്തതാണെന്നുള്ള കാര്യത്തിൽ ഉറച്ചുനിന്നു. എന്നാൽ, പി.എൻ.ആർ. നമ്പർ പരിശോധിച്ചപ്പോഴാണ് അത്തരത്തിലൊരു പി.എൻ.ആർ. നമ്പർ ഇല്ലെന്ന് തെളിഞ്ഞത്. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. തുടർന്ന് കോഴിക്കോട് ആർ.പി.എഫിന് കൈമാറുകയായിരുന്നു. പിഴയീടാക്കിയശേഷം വിദ്യാർഥികളെ വിട്ടു

Exit mobile version