Site icon Fourteen Kerala – 14 Kerala News

കക്കയം ഡാം റോഡിരികിൽ പാറക്കൂട്ടം ഇടിയുന്നു; ടൂറിസ്റ്റുകൾക്കും വാഹനങ്ങൾക്കും ഭീഷണി

കൂരാച്ചുണ്ട്: കക്കയം ഡാം റോഡിരികിലെ പാറക്കൂട്ടം ഇടിയുന്നത് ടൂറിസ്റ്റുകൾക്കും വാഹനങ്ങൾക്കും ഭീഷണി. ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മുതൽ സിസിലി മുക്ക് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്താണു പാറക്കെട്ട് ഇടിയുന്നത്. ബിവിസി മേഖലയിൽ പാതയോരത്ത് നൂറ് മീറ്ററോളം ദൂരത്തിലുള്ള പാറക്കെട്ട് പലയിടങ്ങളിലും അടർന്നു വീഴുന്നുണ്ട്. കഴിഞ്ഞ ദിവസം കക്കയം വാലിയിൽ റോഡ് തകർന്ന മേഖലയിലേക്ക് പാറ വീണ് ഗതാഗതം മുടങ്ങിയിരുന്നു. റോഡരികിൽ പല മേഖലകളിലും പാതയോരം ഇടിയുന്നതും പ്രശ്നമാണ്. മഴയത്ത് ഡാം റോഡിലൂടെയുള്ള യാത്ര സാഹസികമായി മാറുന്നുവെന്നാണ് പരാതി.

കക്കയം ഡാം മേഖല സന്ദർശിക്കുന്നതിനു ദിവസേന നൂറുകണക്കിനു വിനോദ സഞ്ചാരികൾ യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡാണിത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിനെ സർക്കാർ അവഗണിക്കുന്നതാണു യാത്രാദുരിതത്തിനു കാരണമാകുന്നത്.റോഡരികിലെ പാറക്കൂട്ടം തുടർച്ചയായി ഇടിഞ്ഞു വീഴുന്ന സാഹചര്യത്തിൽ സംഭവം സംബന്ധിച്ച് പഠനം നടത്തി പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടിയെടുക്കണമെന്നാണു ആവശ്യം ഉയരുന്നത്.

Exit mobile version